13/01/2023
അബ്ദുൽ അസീസ് മുല്ലപ്പൂ 2019 ൽ എഴുതിയ
കുറിപ്പ്.
* * * * * *
എല്ലാവരേയും ചേർത്തു പിടിക്കുന്ന കടവനാട് സാറിന്റെ മഹത്വം.
കോളേജിന്റെ ഒന്നാം നിലയിലേക്കുള്ള പടവുകൾ,....
തീരെ സിമ്മട്രിക്ക് അല്ല.
ശരിയായി പറഞ്ഞാൽ
സ്റ്റപ്പുകളുടെ ഉയരം 15 CM ഉം വീതി 30CM ഉം ആകണം.
എല്ലാ പടവുകളും ഒരേ ഉയരത്തിലുള്ളതാവണം,
ചെറിയ വിത്യാസങ്ങൾ പോലും കാൽ മുട്ടിന് ക്ഷതമേൽപിക്കും,
ആദ്യത്തെ രണ്ട് പടവുകൾ പിന്നിടുമ്പോൾ തന്നെ മനസ്സ് കാലിനൊരു താളം സമ്മാനിക്കും,
പിന്നെ ആ താളത്തിന്നൊരു ഭംഗം വരുമ്പോൾ പൊടുന്നനെ കാലിന്റെ പേശികൾ അതേറ്റെടുക്കില്ല,
അതു കൊണ്ടു തന്നെ ആ strain ligament നെ ബാധിക്കും......
ഇത്രയും പറഞ്ഞത് ഒരു ശാസ്ത്രീയ വിശദീകരണം ഇടയിൽ തലപൊക്കിയതുകൊണ്ടാണ്
ക്ഷമിക്കുക.
പറഞ്ഞ് വന്നത് കടവനാട് സാറിനെ കുറിച്ചാണ്
എത്ര തവണയാണ് ആ പടവുകൾ കയറിയിറങ്ങുന്നത്?
ഗോൾഡൻ ജൂബിലിയുടെ മാരത്തോൺ മീറ്റിങ്ങുകൾ
ചിലപ്പോൾ രാവിലെ പത്ത് മണി മുതൽ രാത്രി ഏറെ വൈകിയും.
ചെറുപ്പക്കാരായ സ്റ്റാഫ് മെമ്പേഴ്സിനെ വരെ അതിശയിപ്പിച്ചു കൊണ്ട്, അദ്ധേഹം നേതൃത്വം കൊടുക്കുന്നു.
ഓരോ തീരുമാനങ്ങൾക്കും അകമ്പടിയായി ഒരുകഥയുണ്ടാകും
ഒന്നുകിൽ എഴുപതുകളിലെ രാഷ്ട്രീയം,
അലിഗഡ് യൂണിവേഴ്സിറ്റി,
അതുമല്ലെങ്കിൽ ഒരു കൂട്ടുകാരനെ കുറിച്ച്...
ചില തീരുമാനങ്ങൾ എഴുതി - പകുതിയായ വരിയുമായി ആരെങ്കിലും കാണും, മാനേജ്മെന്റ് റൂമിലെ മീറ്റിംഗ് ടേബിളിൽ .
ഒന്നുകിൽ സലാഹുദ്ദീൻ, റജൂൽ, അമീറ, ആരെങ്കിലും ...
"സാർ ഇതിന്റെ ബാക്കി ?"
Wait. ഈ കഥ മുഴുമിപ്പിക്കട്ടേ...
അതെ കഥയല്ലിത് ജീവിതമാണ്.
ഒരു കോളേജിൽ,
ഒരുപാട് കാലം,
മനുഷ്യന്റെ ശ്വാസത്തിന്റെ ചൂടു പോലും ഒരു സ്ഥാപനത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തുന്ന
ആൾരൂപം.
ചിലപ്പോൾ ഒരു കഥയിൽ നിന്ന് മറ്റൊന്നിലേക്ക് അറിയാതെ വഴുതിപോകും.
വീണ്ടും വഴുതി വേറൊന്നിലേക്ക്,
ഇടക്ക് തുടങ്ങി വെച്ച കഥ ഏതെന്ന് അറിയാതെ ഉഴലുന്ന നിമിഷങ്ങളുമുണ്ട്.
"അസീസിനറിയോ?
അന്നത്തെ KPCC ക്ക് പോയ ലിസ്റ്റിൽ ഒന്നാമത്തെ പേര് ടി.കെ. ഹംസ, രണ്ടാമത്തെ പേര് കടവനാട് മുഹമ്മദ്, നേരം വെളുത്തപ്പോ ടി.വി.യിൽ ഫ്ലാഷ് ന്യൂസ്, ടി.കെ.ഹംസ LDF സ്വതന്ത്ര സ്ഥാനാർത്ഥി, അതാണ് രാഷ്ട്രീയം"
രാഷ്ട്രീയം,
രാഷ്ട്രമീംമാസ
ചരിത്രം
എന്താെക്കെയാണ് വിഷയീഭവിക്കുന്നത്?
മീറ്റിoഗുകൾ അഭംഗുരം തുടരുന്നു.
ഒരു പടയോട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതുപോലെയാണ് എനിക്ക് തോന്നിയത്
'ഒരു കുന്നോളം പണിയുണ്ട്'
എല്ലാം ഏറ്റെടുത്ത് ചെയ്യുന്ന
O. C സലാഹുദ്ദീൻ
നിറുത്താതെ അടിക്കുന്ന ടെലിഫോണും
സലാഹുവും
കോളേജിന്റെ മെയിന്റനൻസ് പണിമുതൽ,
വരുന്ന ഗെസ്റ്റുകൾക്കുള്ള മെമന്റോയുടെ വില നെഗോഷിയേഷൻ വരെ.
ഫണ്ട് കണ്ടെത്താൻ സ്പോൻസർമാരെ തേടിയുള്ള വിളികൾ,
വിളിക്കേണ്ടവരുടെ ലിസ്റ്റ്, കാണേണ്ടവരുടെ ലിസ്റ്റ്,
MES ലെ പഴയ മെമ്പർമാർ
പുതിയവർ,
പോയവർ, വന്നവർ, കോൺഗ്രസ്സ്, സിപിഎം, ബി ജെ പി, പഞ്ചായത്ത് പ്രസിഡണ്ട്, അവൻ, ഇവൻ
വിളിച്ചില്ലെങ്കി പ്രശ്നം,
വിളിച്ചാ പ്രശ്നം,
സ്റ്റേജിൽ ആരൊക്കെ?
താഴെയെങ്ങിനെ ഇരുത്തും?
എത്ര പേർ സംസാരിക്കും?
വൈകിയാൽ എന്തു ചെയ്യും
" അമീറാ .. വേറൊരു പേപ്പർ എടുത്ത് ആദ്യം എഴുതാം.. "
വെട്ടൽ, തിരുത്തൽ,
വീണ്ടും എഴുതൽ,
ഫുഡ് കമ്മിറ്റി,
റിസപ്ഷൻ കമ്മിറ്റി,
എൻഡർടെയിൻമെന്റ് കമ്മിറ്റി,
മീഡിയ,
ഫിനാൻസ്,
പ്രോഗ്രാം,
ഡിസിപ്ലിൻ,
കാമ്പസ്,..
എന്റമ്മോ
തല പെരുക്കുന്നു ..
ചായ
"അബ്ദുള്ളക്കാ ചായ "
മധുര മുള്ളതും മധുരമില്ലാത്തതും,
പൊരിച്ച അട,
'അടയാണ് താരം'
മൊബൈലിൽ നിന്ന് തലപൊക്കി കൊണ്ട് സക്കീർക്ക പറഞ്ഞു.
ഫുഡ് കമ്മിറ്റിയിൽ പുതിയ ആളുകൾ
പഴയ അലുംമ്നി ഗഫൂർക്ക,
ഇന്റർ കോൺടിനൻറൽ ഷെഫ്.
സ്വാഗതം.
എല്ലാവർക്കും സ്വാഗതം.
വീണ്ടും പുതിയ മുഖങ്ങൾ
പുതിയ തീരുമാനങ്ങൾ
മെനു, ചിക്കൻ കറി, നെയ്ച്ചോർ,
മട്ടൻ, ചായ, ബിസ്കറ്റ്
ചോറ് തികയാത്ത കഥകൾ
ബാക്കിയായ കഥകൾ
നന്നായ കഥകൾ
മോശമായ കഥകൾ
വീണ്ടും ചായ,
പൊരിച്ച അട,
പ്രാഗ്രാം നോട്ടീസ്.
' മൂന്ന് ദിവസം ആയതു കൊണ്ട്
ആദ്യത്തെ ദിനത്തിന് ഒന്നാം നാൾ എന്നു കൊടുത്താലോ?
ഒന്നാൾ നാൾ കുഴപ്പമില്ല.
പക്ഷേ! രണ്ടാംനാൾ, മൂന്നാം നാൾ എന്നിങ്ങനെയാകുമ്പോ ഒരു ക്ലീഷേ ഫീൽ ഉണ്ടാകും.
മുഹമ്മദ് സാർ പറഞ്ഞു അതു വേണ്ട
വേറൊന്ന് പറ.
അതും ശരിയാവില്ല.
മറ്റൊന്ന്...
മൂന്നാംപക്കം വരുമ്പോഴാണ് പ്രശ്നം, അതിലൊരു ട്രാജഡി മണക്കുന്നുണ്ട്,
അങ്ങിനെയുണ്ടോ?
അങ്ങിനെയെങ്കിൽ അതു മാറ്റാം
" ഗോൾഡൻ ജൂബിലി അടുത്ത കൊല്ലമല്ല, നോട്ടീസ് വേഗം വേണം"
മൂലയിലുള്ള കസേരയിൽ നിന്നും സലാഹു വിളിച്ചു പറഞ്ഞു.
മുഹമ്മദ് സാർ ചിന്തയിൽ മുഴുകി.
ഞങ്ങൾ ബാക്കിയുള്ള ചായയും കടികളും ചൂടാറാതെ നോക്കി.
കുറച്ച് കഴിഞ്ഞ് ഞാൻ വിളിച്ചു
സത്യത്തിൽ
അദ്ധേഹം മറ്റെന്തോ ആലോചനയിലായിരുന്നു.
അലീഗഡിൽ നിന്നും മുടി നീട്ടി വളർത്തി നാട്ടിൽ വന്നിറങ്ങിയ ആ കഥയായിരിക്കുമോ..?
അല്ലെങ്കിലും ഞങ്ങളോട് പറയാത്ത എത്രയെത്ര കഥകൾ ബാക്കിയുണ്ടാകും
എന്നാ തുടക്കം?
മാർച്ച് 21 ന് ഞാൻ പറഞ്ഞു
തുടക്കം
"ആരംഭം "
ആരംഭം കുഴപ്പമില്ല.
അടുത്തത് ?
ആരവം.
വൈകുന്നേരം ഗാനമേളക്ക്?
ആമോദം!
സാറിലെ സാഹിത്യകാരൻ ഉണർന്നു.
ആദരണീയം.
കൂടിക്കാഴ്ച.
കലാശം.
ഒന്നാം ദിവസത്തെ പരിപാടികൾ
മെട്രോ മേൻ Eശ്രീധരൻ സാർ ഏറ്റിട്ടുണ്ട് ഉത്ഘാടനം
ഷബ്നം ഹഷ്മി ഫിക്സായി
പിന്നെ..?
സ്പോർട്സ് കോംപ്ലക്സ് ഉത്ഘാടനം
ഇപ്പോഴും ത്രിശങ്കുവിലാണ്.
I M vijayan
P.T.usha
ഇതിലാരാണ് നല്ലത്?
ഉടനെ ടെലിഫോണെടുത്ത് ശ്രീനിവാസനെ വിളിച്ചു.
" ശ്രീനിയും ഉഷയും ഉള്ളപ്പോ നമുക്കെന്തിനാ പിന്നെ ആരെങ്കിലും?"
പ്രസക്തമായ ചോദ്യം
ഉത്ഘാടനം സന്തോഷകരമാകണമെങ്കിൽ അത് ഉത്ഘാടനം ചെയ്യുന്ന ആൾക്ക് നമ്മോട് അടുപ്പം വേണം.
ഇത് സർവ്വകാലവും വിജയിച്ചു കാണണമെന്ന് പ്രാർത്ഥന വേണം.
സത്യമാണ്.
ഈ കോളേജും അതിൽ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും
എല്ലായ്പോഴും നന്നായി കാണണമെന്ന് പ്രാർത്ഥനയുള്ള ഒരു മനുഷ്യന് അത് അത്രമേൽ നിർബന്ധമുള്ള സംഗതിയാണ്.
ഈ നന്മ മരമാണ്,
ഒരു കോളേജിന്റെ യശസ്സിനോളം തന്നെ ഉയർന്നു നിൽക്കുന്ന,
ഒരു കോളേജിന്റെ എല്ലാ മൺ തരിയോടും,
എല്ലാ ജീവനുകളോടും, സംവദിക്കുന്ന,
ഒരോ പഴയ കാല വിദ്യാർത്ഥിയേയും
തന്റെ കുഞ്ഞിനെ പോലെ
ഹൃദയത്തോട് ചേർത്തു വക്കുന്ന
'കടവനാടെന്ന മഹാശയനോട്
അമ്പത് വർഷം പഴക്കം ചെന്ന
ഈ മഹാ വിദ്യാലയം എങ്ങിനെയാണ് കടപ്പെട്ടിരിക്കുന്നത് എന്ന് നമ്മെ ഉണർത്തുന്നത് .