01/05/2026
Tweet 1417
ഇമാം മുസ്ലിമും(റ) ബൈഹഖി(റ)യും അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: കുറച്ചുപേർ തിരുനബിﷺയുടെ അടുക്കൽ വന്ന് പറഞ്ഞു: "ഞങ്ങൾക്ക് ഖുർആനും സുന്നത്തും പഠിപ്പിച്ചുതരാൻ കുറച്ചുപേരെ ഞങ്ങളുടെ കൂടെ അയക്കണം." അങ്ങനെ തിരുനബിﷺ അൻസ്വാരികളിൽപ്പെട്ട എഴുപത് പേരെ അവരോടൊപ്പം അയച്ചു. 'ഖുർറാഅ്' അഥവാ ഖുർആൻ പണ്ഡിതന്മാർ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ശത്രുക്കൾ അവരെ ചതിയിൽപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. മരണത്തിന് തൊട്ടുമുമ്പ് ആ സ്വഹാബികൾ പ്രാർത്ഥിച്ചു: "അല്ലാഹുവേ, ഞങ്ങൾ നിന്നെ കണ്ടുമുട്ടിയെന്നും നിന്നിൽ ഞങ്ങൾ സംതൃപ്തരാണെന്നും നീ ഞങ്ങളിലും സംതൃപ്തനാണെന്നും ഞങ്ങളുടെ പ്രവാചകനെﷺ അറിയിക്കണമേ." തുടർന്ന് തിരുനബിﷺ സ്വഹാബികളോട് പറഞ്ഞു: "തീർച്ചയായും നിങ്ങളുടെ സഹോദരങ്ങൾ കൊല്ലപ്പെട്ടിരിക്കുന്നു. അവർ ഇപ്രകാരം പ്രാർത്ഥിച്ചിട്ടുണ്ട്: അല്ലാഹുവേ, ഞങ്ങൾ നിന്നെ കണ്ടുമുട്ടിയെന്നും ഞങ്ങൾ നിന്നിൽ തൃപ്തരാണെന്നും നീ ഞങ്ങളിലും തൃപ്തനാണെന്നും ഞങ്ങളുടെ പ്രവാചകനെ അറിയിക്കണമേ."
ഇമാം ബൈഹഖി(റ) ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: തിരുനബിﷺ ഒരു സൈന്യത്തെ അയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവിടുന്ന് എഴുന്നേറ്റുനിന്ന് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: "നിങ്ങളുടെ സഹോദരങ്ങൾ മുശ്രിക്കുകളെ നേരിട്ടു. ശത്രുക്കൾ അവരെ വളയുകയും അവർ എല്ലാവരും രക്തസാക്ഷികളാവുകയും ചെയ്തു. അവർ ഇപ്രകാരം പറഞ്ഞു: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ നിന്നിൽ സംതൃപ്തരാണെന്നും നീ ഞങ്ങളിലും സംതൃപ്തനാണെന്നും ഞങ്ങളുടെ ജനതയെ അറിയിക്കണമേ.' അതിനാൽ ഞാനിതാ അവരുടെ ദൂതനായി നിങ്ങളോട് പറയുന്നു: അവർ സംതൃപ്തരാണ്, അല്ലാഹു അവരിലും സംതൃപ്തനാണ്."
ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) സഹൽ ബിൻ സഅദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു:
ഖൈബർ വിജയദിവസം തിരുനബിﷺ പറഞ്ഞു: "നാളെ ഞാൻ ഈ പതാക ഒരാൾക്ക് നൽകും; അദ്ദേഹത്തിന്റെ കരങ്ങളിലൂടെ അല്ലാഹു വിജയം നൽകും." പ്രഭാതമായപ്പോൾ അവിടുന്ന് ചോദിച്ചു: "അലിയ്യ് ബിൻ അബീ ത്വാലിബ്(റ) എവിടെ?" അദ്ദേഹം കണ്ണ് വേദനയാൽ പ്രയാസപ്പെടുകയാണെന്ന് ആളുകൾ മറുപടി നൽകി. അവിടുന്ന് പറഞ്ഞു: "അദ്ദേഹത്തെ വിളിച്ച് വരുത്തൂ." അങ്ങനെ അദ്ദേഹം കൊണ്ടുവരപ്പെട്ടു. തിരുനബിﷺ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉമിനീർ പുരട്ടുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഉടൻ തന്നെ, യാതൊരു വേദനയും മുൻപ് ഉണ്ടായിട്ടില്ലാത്ത വിധം അദ്ദേഹം സുഖം പ്രാപിച്ചു.
ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) സലമത്ത് ബിൻ അൽ-അക്വഅ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു.
അലിയ്യ്(റ) നേത്രരോഗം കാരണം ഖൈബർ യുദ്ധസമയത്ത് തിരുനബിﷺയിൽ നിന്ന് വിട്ടുനിന്നിരുന്നു. അപ്പോൾ അദ്ദേഹം സ്വയം പറഞ്ഞു: "ഞാൻ അല്ലാഹുവിന്റെ ദൂതരിﷺൽ നിന്ന് വിട്ടുനിൽക്കുകയോ?" അങ്ങനെ അദ്ദേഹം പുറപ്പെടുകയും പ്രവാചകനോﷺടൊപ്പം ചേരുകയും ചെയ്തു. വിജയം നടന്ന ദിവസത്തിന് തലേന്ന് രാത്രി തിരുനബിﷺ പറഞ്ഞു: "അല്ലാഹുവിനെയും അവന്റെ ദൂതരെﷺയും സ്നേഹിക്കുന്ന, അല്ലാഹുവും അവന്റെ ദൂതരുംﷺ സ്നേഹിക്കുന്ന ഒരാൾക്ക് നാളെ ഞാൻ പതാക നൽകും; അല്ലാഹു അദ്ദേഹത്തിലൂടെ വിജയം നൽകും." അപ്രതീക്ഷിതമായി അലിയ്യ്(റ) അവിടെ എത്തിച്ചേർന്നു. ജനങ്ങൾ പറഞ്ഞു: "ഇതാ അലിയ്യ്(റ)!" തിരുനബിﷺ പതാക അദ്ദേഹത്തിന് നൽകുകയും അല്ലാഹു അദ്ദേഹത്തിലൂടെ വിജയം നൽകുകയും ചെയ്തു.
ഇമാം മുസ്ലിം(റ) മറ്റൊരു പരമ്പരയിലൂടെ സലമ(റ)വിൽ നിന്ന് ഇതേ സംഭവം ഉദ്ധരിക്കുന്നുണ്ട്. ഹാരിസും(റ) അബൂ നുഐമും(റ) റിപ്പോർട്ട് ചെയ്ത നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. അലിയ്യ്(റ) പതാകയുമായി പുറപ്പെടുകയും കോട്ടയ്ക്ക് താഴെ അത് നാട്ടുകയും ചെയ്തു. അപ്പോൾ കോട്ടയുടെ മുകളിൽ നിന്ന് ഒരു ജൂതൻ നോക്കി ചോദിച്ചു: "ആരാണ് നീ?" അദ്ദേഹം പറഞ്ഞു: "അലിയ്യ്(റ)." അപ്പോൾ ജൂതൻ പറഞ്ഞു: "മൂസാ(അ)യ്ക്ക് അവതരിപ്പിക്കപ്പെട്ട സത്യം തന്നെ സത്യം! നിങ്ങൾ വിജയിച്ചിരിക്കുന്നു." വിജയം കൈവരിക്കുന്നത് വരെ അദ്ദേഹം മടങ്ങിയില്ല.
ഇമാം ബൈഹഖി(റ)യും അബൂ നുഐമും(റ) ബുറൈദ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഖൈബറിൽ വെച്ച് തിരുനബിﷺ പറഞ്ഞു. "നാളെ പതാക ഞാൻ അല്ലാഹുവിനെയും അവന്റെ ദൂതരെﷺയും സ്നേഹിക്കുന്ന, ശത്രുക്കളെ കീഴടക്കി വിജയം നേടുന്ന ഒരാൾക്ക് നൽകും." അന്ന് അവിടെ അലിയ്യ്(റ) ഉണ്ടായിരുന്നില്ല. ഖുറൈശികളിൽ പലരും ആ പദവിക്കായി ആഗ്രഹിച്ചു. എന്നാൽ നേത്ര രോഗിയായ അലിയ്യ്(റ) ഒട്ടകപ്പുറത്ത് വന്നു അവിടെ എത്തിച്ചേർന്നു. തിരുനബിﷺ പറഞ്ഞു: "എന്റെ അടുത്തേക്ക് വരൂ." അവിടുന്ന് അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉമിനീർ പുരട്ടുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന് ആ കണ്ണുകളിൽ വേദനയുണ്ടായില്ല. ശേഷം തിരുനബിﷺ അദ്ദേഹത്തിന് പതാക കൈമാറി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി