15/03/2020
H̳I̳S̳T̳O̳R̳Y̳ O̳F̳ T̳H̳E̳ S̳C̳H̳O̳O̳L̳
പെരുവയുടെ ചരിത്രം തുടിക്കുന്ന കലാലയം. എണ്ണിയാൽ ഒടുങ്ങാത്ത കുരുന്നുകൾക്ക് അക്ഷര വെളിച്ചം നൽകിയ നമ്മുടെ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമാണ് 1914-ൽ സ്ഥാപിതമായ പെരുവ ഗവൺമെന്റ് LP സ്കൂൾ. തുടക്കത്തിൽ ഒന്നാം ക്ലാസ് മുതൽ നാല് വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ആൺകുട്ടികളും, പെൺകുട്ടികളും ഒരുമിച്ചായിരുന്നു പഠനം. പെരുവ പട്ടണത്തിൽ നിന്നു ഉച്ചത്തിൽ വിളിച്ചാൽ കേൾക്കാവുന്ന ദൂരമേ സ്കൂളിനുള്ളൂ. സ്കൂൾ മുറ്റത്ത് എത്തുമ്പോൾ ശുദ്ധവായുവും, കുളിർ കാറ്റുമേകുവാൻ ആൽമര മുത്തശി പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്നു. സ്കൂൾ പിന്നീട് 1958-ൽ UP സ്കൂളായും,1961-ൽ ഹൈസ്കൂളായും,1990-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും, 1998-ൽ ഹയർ സെക്കണ്ടറി വിഭാഗവുമായി പ്രവർത്തിച്ചു വരുന്നു. ഏകദേശം 4 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഫുട്ബോൾ ഗ്രൗണ്ട് സ്കൂളിനു പിന്നിലായിട്ടുണ്ടു.2018-ൽ അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് സ്കൂളായി മാറുവാനുള്ള നിർമ്മാണ പ്രവർത്തനം നടന്നു വരുന്നു. സ്കുളിന്റെ ചരിത്രം കുറിക്കുമ്പോൾ മുളക്കുളം പഞ്ചായത്തിലെ അന്നത്തെ നായർ പ്രമാണിയായ പുന്നക്കൽ കുടുംബത്തെ പരാമർശിക്കാതെ കടന്നു പോയാൽ അത് ചരിത്രത്തോടുള്ള നീതികേടായിരിക്കും. സാമൂതിരിയുമായുണ്ടായ യുദ്ധത്തിൽ പരാജയപ്പെട്ട (AD 1763) കോലത്തിരി രാജാവും, ആഴഞ്ചേരി തമ്പ്രാക്കാളും, അവരുടെ യോദ്ധാക്കളായ നായന്മാരും പിന്നീട് തിരുവതാംകുറിന്റെ പല ഭാഗങ്ങളിലായി എത്തിച്ചേർന്നതാണന്നു പറയപ്പെടുന്നു. അതിൽപ്പെട്ടവരാണ് പിന്നീട് മങ്ങാടന്മാരായി മൂന്ന് തലമുറയിൽ ഇവിടെ ജീവിച്ചിരുന്നത്..മരുമക്കത്തായത്തിന്റെ കാലം. മങ്ങാടന്മാർ പിന്നീട് പുന്നക്കന്മാരായി മാറി. പുന്നക്കൽ കാരണവന്മാരായിരുന്നു കേളൻ നായർ, ഇട്ടിരാമൻ നായർ.എട്ട് കിലോമീറ്റർ ചുറ്റളവിൽ മറ്റൊരാളുടെ പുരയിടത്തിൽ ചവിട്ടാതെ കേളൻ നയർക്ക് തന്റെ ഭാര്യ ഞീഴൂർ കാഞ്ഞിരക്കാട് പാപ്പിയുടെ ഭവനത്തിൽ നടന്നു പോകുവാൻ തക്കതായ വസ്തുക്കളുള്ള ഒരു ജന്മിയായിരുന്നു പുന്നക്കൽ കാരണവരായ കേളൻ നായർ.കേളൻ നായരാണ് പെരുവയിൽ LP സ്കൂൾ തുടങ്ങുവാൻ ഒരു ഏക്കർ ഭൂമി സൗജന്യമായി നൽകുന്നത്. സ്കൂളിന്റെ ആദ്യകാലത്തെ പ്രവർത്തനത്തിൽ പുന്നക്കൽ കുടുംബത്തിനു വലിയ പങ്കുണ്ടായിരുന്നു. എത്ര വർഷം സ്കൂൾ പുന്നക്കന്മാർ നടത്തി എന്നതു കൃത്യമായി രേഖയില്ല.ജാതി വ്യവസ്ഥയുടെ അളവുകോൽ ആകാശംമുട്ടേ ഉയർന്നു നിൽക്കുന്ന കാലം. താഴ്ന്ന ജാതിയിൽ പെട്ടവൻ വെട്ടത്തു വന്നുകൂടാത്ത ആ കാലത്ത് നായർ പ്രമാണിയായ പുന്നക്കൽ കേളൻ നായർ സ്കൂളിനു വേണ്ടി ഒരു ഏക്കർ സ്ഥലം അതും സൗജന്യമായി നൽകി എന്നു പറഞ്ഞാൽ പുതിയ തലമുറ ചിന്തിക്കണം ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടു നിൽക്കുമ്പോഴും അക്ഷരത്തിന്റെ വെളിച്ചം പുറലോകത്തു എത്തിക്കുവാൻ സവർണ്ണ ജാതിയിൽപ്പെട്ട പുന്നക്കൽ കേളൻ നായരേപ്പോലെയുള്ള പുരോഗമന ചിന്തകൾ വെച്ചു പുലർത്തിയവർ ജീവിച്ചു മരിച്ചു കടന്നു പോയ മണ്ണാണ് നമ്മുടെ നാടിന്റെത്. സ്കൂളിനു സമീപത്തിരിക്കുന്ന പെരുവ കോയിക്കൽ പള്ളി എന്നറിയപ്പെടുന്ന ബഥനിപള്ളിക്ക് (റീത്ത്പള്ളി) വിലക്ക് സ്ഥലം കൊടുത്തതും കേളൻ നായരായിരുന്നു. സ്ഥലം വാങ്ങിയത് കാരാമേൽ കോയിക്കൽ KM പത്രോസ് (കോയിക്കൽ അച്ചൻ). പള്ളി ഇരുന്ന സ്ഥലം പുന്നക്കന്മാരുടെ കളപ്പുരയായിരുന്നു. പള്ളി സെമിത്തേരിയുടെ സമീപത്തെ കിണർ അക്കാലത്ത് കുത്തിയതാണ്. ഏക്കർ കണക്കിനു വസ്തുവിന്റെ വിളകൾ സംഭരിച്ചതും, വേല ചെയ്യുന്നവനുകൂലി കൊടുക്കുന്നതും, സ്കൂളിലെ അധ്യാപകർക്ക് ശമ്പളം കൊടുത്തതും എല്ലാം ഇപ്പോൾ പള്ളി ഇരിക്കുന്ന പഴയ കളപ്പുരയിൽ വെച്ചായിരുന്നു.അവർമ NSS LP സ്കൂളിനും പുന്നക്കൽ കേളൻ നായരാണ് സൗജന്യമായി സ്ഥലം കൊടുത്തതും ആദ്യം സ്കൂൾ നടത്തിയിരുന്നതും.വലിയ ഭൂസ്വത്തിനുടമയായ പുന്നക്കൽ തറവാട് മരുമക്കത്തായവും, ആർഭാട ജീവിതവും, ചോദിക്കുന്നതിന്റെ ഇരട്ടി കൊടുക്കുന്ന ദാനശീലവും മൂലം ക്രമേണ ക്ഷയിക്കുകയുണ്ടായി. കുറവുകൾ ഉണ്ടെങ്കിലും പെരുവയുടെ ചരിത്രത്തിൽ പുന്നക്കൽ കുടുംബം വലിയ സംഭാവന നൽയിട്ടുണ്ട്.പുന്നക്കൽ കുടുംബ ചരിത്രം മറ്റൊരിക്കൽ ചർച്ച ചെയ്യാം." തിരുവതാംകൂർ രാജഭരണം " ശ്രീമൂലം തിരുനാൾ മഹാരാജാവായിരുന്നു തിരുവതാംകൂർ ഭരിച്ചിരുന്നത് (1885-1924).ആ കാലത്താണ് പെരുവ സ്കൂൾ തുടങ്ങുന്നത്. ശ്രീമൂലം തിരുന്നാളിനു ശേഷം രാജപ്രതിനിധിയായി സേതുലക്ഷ്മിഭായി രാജഭരണ ചുമതലയേറ്റു (1924-1931-വരെ). ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് 1931- ൽ അധികാരമേറ്റ് (1912-199l). "പുന്നക്കന്മാർ നടത്തിയിരുന്ന സ്കൂൾ പിന്നീട് സർക്കാരിനു വിട്ടുകൊടുത്തു. തീയതി കൃത്യമായി രേഖപ്പെടുത്തുവാൻ സാധിക്കാതെ വന്നിട്ടുണ്ട്. 1953-ൽ മുളക്കുളം പഞ്ചായത്ത് നിലവിൽ വന്നു.പ്രഥമ പ്രസിഡന്റായി പുത്തൂർ ശങ്കരാലിൽ മാണി കുഞ്ഞിനെ തെരഞ്ഞെടുത്തു.പിന്നീട് 1954-ൽ അച്ചുതൻ പിള്ളയും (മുളക്കുളം), 1957-ൽ അഡ്വ.തോമസ് തച്ചേടനും അറുനൂറ്റിമംഗലം), 1963-ൽ PVപത്രോസ് പന്നിക്കോട്ടിലും, 1973-ൽ PRചന്ദ്രശേഖരൻ നായർ പുളിക്കൽ അറുനൂറ്റിമംഗലം എന്നിവർ പ്രസിഡന്റുമാരായിരുന്നു. പന്നിക്കോട്ടിൽ പത്രോസിന്റെ കാലത്താണ് പെരുവ സ്കൂൾ പുരോഗതിയിലേക്ക് പതുക്കെ നടന്നു നീങ്ങിയത്.1958-ൽ പെരുവയിൽ UP - സ്കൂൾ തുടങ്ങുവാൻ അനുവാദം കിട്ടി. UP സ്കൂൾ തുടങ്ങുവാൻ പണം തികയാതെ വന്നപ്പോൾ കുട്ടികളെ കൊണ്ട് നാടു മുഴുവൻ ചെണ്ടകൊട്ടി ജാഥ നടത്തി പണം സ്വരൂപിച്ചതു പെരുവ സ്കൂളിന്റെ ചരിത്രത്തിന്റെ രേഖയിൽ തങ്കലിപികളിൽ ആലേഖനം ചെയ്തു തന്നെ കിടക്കും.സ്കൂളിനോട് ചേർന്നു ഒരു ഏക്കർ 57 സെന്റ് സ്ഥലത്ത് താമസിച്ച ഊന്നുകല്ലുങ്കൽ U വർഗീസാണ്(ജോർജ് ബേബിയുടെ പിതാവ്) 10 സെൻറ് സ്ഥലം സ്കൂളിനു സൗജന്യമായി നൽകിയതു്. അങ്ങനെയാണ് UP സ്കൂൾ പ്രവർത്തനം തുടങ്ങിയത്.(സ്കൂളിന്റെ ഇപ്പോഴത്തെ വലതു വശത്തിരിക്കുന്ന കെട്ടിടം). 1961-62-ൽ പെരുവ സ്കൂളിനെ ഹൈസ്കൂളാക്കുവാൻ പന്നിക്കോട്ടിൽ PV പത്രോസിന്റെ നേതൃത്വത്തിൽ സർക്കാർ തലത്തിലും,നാട്ടിലും, പൊതു പ്രവർത്തകരിലും വലിയ പരിശ്രമം തന്നെ നടത്തി. ഹൈസ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തു.എന്നാൽ ഹൈസ്കൂളിനായി സ്ഥലം വിട്ടു കൊടുക്കുവാൻ ആരും തയ്യാറായില്ല. സ്കൂൾ അറുനൂറ്റിമംഗലത്തേക്ക് പോകുമെന്ന ഒരു ഘട്ടം വരെ എത്തി.വലിയ പ്രമാണിമാരായ ഒരുപാട് കുടുംബങ്ങളും, ഭൂസ്വത്തുള്ളവരും ആ സമയത്ത് പെരുവയിലുണ്ടായിരുന്നു. ഹൈസ്കൂളിനു വേണ്ടി എവിടെയെങ്കിലും സ്ഥലം ലഭിച്ചാലും മതിയായിരുന്നു. ഒരാൾ പോലും സ്ഥലം കൊടുക്കുവാൻ തയ്യാറായില്ല. UP സ്കൂളിനു10 സെന്റ് സ്ഥലം കൊടുത്ത സ്കൂളിനോട് ചേർന്നു താമസിച്ചിരുന്ന ജോർജ് ബേബിയുടെ പിതാവ് ഊന്നുകല്ലുങ്കൽ U വർഗ്ഗീസ് തന്റെ ഒരു ഏക്കർ 57 സെൻറ് സ്ഥലത്തിൽ നിന്നു ഒന്നര ഏക്കർ സ്ഥലം സ്കൂളിനു വേണ്ടി പൊതു കമ്മറ്റിക്ക് 1500 രൂപ വിലക്ക് വിട്ടു കൊടുത്തു. അന്നത്തെ സ്കൂൾ പൊതു കമ്മറ്റിക്കാർ ബാക്കി വന്ന 7 സെന്റ് സ്ഥലത്ത് വർഗ്ഗീസ് ചേട്ടനു ഓട് മേഞ്ഞ ഒരു വീട് നിർമ്മിച്ചു നൽകി.1500 രൂപ കൊണ്ട് പെരുവ പള്ളിക്ക് സമീപത്തെ ഒന്നര ഏക്കർ ഭൂമി ആനിക്കാട്ട് രഘു സാറിന്റെ പിതാവ് കുഞ്ഞൻ നായരിൽ നിന്നു വില കൊടുത്തു വാങ്ങി. പിന്നീട് 1971-ൽ സ്കൂളിനു മുന്നിൽ കിടന്ന മൂർക്കാട്ടിൽ മക്കോത വൈദ്യന്റെ സ്ഥലവും, സ്കൂളിന്റെ പിറകുവശത്തെ ഗ്രൗണ്ട്, മലയിൽ കാപ്പിക്കര, കാപ്പിക്കര കുരീത്തോട്ടം, പ്ലാപ്പിള്ളിൽ ജോയി എന്നിവരുടെ കൈയ്യിൽ നിന്നും പൊന്നുംവില കൊടുത്തു സർക്കാർ എഴുതി വാങ്ങി. കൂടെ ഊന്നുകല്ലുങ്കൽ വർഗീസ് ചേട്ടന്റെ ബാക്കി വന്ന വീടും,7 സെൻറ് സ്ഥലവും 17,000 രൂപ വില വെച്ചു സർക്കാർ പൊന്നുംവില കൊടുത്തു എടുത്തു. പള്ളിയുടെ സമീപത്തെ സ്ഥലത്തേക്ക് മാറുവാൻ ആ പറമ്പിൽ സർപ്പങ്ങളും, പുജയും ഉണ്ടായിരുന്നു.(മനയ്ക്കലിൽ നിന്നു തിരുമേനിമാർ വന്നു പൂജ നടത്തി സർപ്പത്തെ ഒഴിവാക്കി തരണമെന്ന വ്യവസ്ഥ വെച്ചു.സർപ്പത്തെ ഒഴിവാക്കാൻ വരുന്ന ചിലവിലേക്കായി പറമ്പിൽ നിന്നിരുന്ന വലിയ ഒരു പന വെട്ടി എടുക്കാമെന്ന വ്യവസ്ഥ വെച്ചാണ് സ്ഥലം വിട്ടുകൊടുക്കുന്നത്) അന്നത്തെ ഏറ്റവുകൂടിയ വിലയാണ് 7 സെൻറ് സ്ഥലത്തിനു സർക്കാർ കൊടുത്തത്. പിന്നീട് വർഗ്ഗീസ് ചേട്ടന്റെ കുടുംബം പള്ളിയുടെ സമീപത്തുള്ള ഒന്നര ഏക്കർ സ്ഥലത്തേക്ക് മാറി. മക്കളായ ജോർജ്ബേബി, ജോൺ, കുര്യാച്ചൻ എന്നിവർ ഇപ്പോൾ ഈ പുരയിടത്തിൽ താമസിക്കുന്നു.1967-ൽ സ്കൂൾ കെട്ടിടങ്ങൾ വലിയ കൊടുംങ്കാറ്റിൽ നിലംപൊത്തി.ഓടുകൾ പറന്നു നടന്നു.നിരവധി കുട്ടികൾക്ക് പരിക്കുപറ്റി. തെങ്ങിൻ തൂണിൽ ഓലയും, പനമ്പുംഓടും മേഞ്ഞ കെട്ടിടങ്ങളായിരുന്നു സ്കൂളിന്റേത്. ശക്തമായ കൊടുംകാറ്റിൽ എല്ലാം നിലംപൊത്തി. അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ്കോയ പെരുവ സ്കൂൾ നേരിട്ട് സന്ദർശിച്ചിരുന്നു. സർക്കാരിന്റേയും, PTA കമ്മറ്റിയുടേയും, നാട്ടുകാരുടേയും, വിദ്യാർത്ഥികളുടേയും സഹായ സഹകരണത്തോടെ സ്കൂൾ കെട്ടിടങ്ങൾ താൽക്കാലികമായി പനമ്പു്, ഓല എന്നിവ കൊണ്ടു മറച്ചും, ചൂടിയും പണി തീർത്തു. (മുട്ടപ്പിള്ളിൽ ചാക്കോ ചേട്ടന്റെ സുജാത തീയേറ്ററിന്റെ പണിക്കായി വാങ്ങിയ വലിയ തേക്കിൻ തടികളിൽ നിന്നു ബാക്കി വന്ന തൂണുകൾ, കമ്പുകൾ ചെറിയ വില കൊടുത്തു വാങ്ങി സ്കൂൾ കെട്ടിട നിർമ്മാണത്തിനു ഉപയോഗിച്ചു). 1975-ൽ സ്കൂൾ രണ്ടായി തിരിച്ചു. ആൺ, പെൺപള്ളിക്കുടം. ഇടതുഭാഗത്ത് ആൺകുട്ടികളും, വലതുഭാഗത്ത് പെൺകുട്ടികളുമാണ് പഠിച്ചിരുന്നത്.1975-ൽ പെരുവ മനയ്ക്കൽ സെന്റിന് 250 രൂപ വിലവെച്ചു പെരുവ ഗവൺമെന്റ് ഗേൾസ് സ്കൂളിന് ഒരു ഏക്കർ സ്ഥലം നൽകി. 1980 ൽ പെരുവ മനയ്ക്കലിന്റെ സമീപത്തായി പെരുവ ഗേൾസ് ഹൈസ്കൂൾ പണി പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ബേബിജോൺ ഉദ്ഘാടനം ചെയ്തു. 106 വർഷത്തിനിടയിൽ അനേകായിരം കുട്ടികൾ അക്ഷരം പഠിച്ച നമ്മുടെ കലാലയം ഒരു പക്ഷേ അടുത്ത 2, 3 വർഷത്തിനിടയിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളായി മാറുമ്പോൾ പെരുവ ഗവൺമെന്റ് സ്കൂൾ ചരിത്രങ്ങളുടെ പട്ടികയിൽ എത്തിച്ചേരുവാൻ പോകുകയാണ്. സ്കൂളിന്റെ ചരിത്ര രേഖയിൽ ഭൂമി സൗജന്യമായി നൽകിയ പുന്നക്കൽ കേളുനായരും, വലിയ പ്രമാണിമാരായ കുടുംബക്കാർ ജീവിക്കുന്ന പെരുവയിൽ സ്കൂളിനു സ്ഥലം നൽകാതെ വന്നപ്പോൾ 10 സെൻറ് സൗജന്യമായും, ഒരു ഏക്കർ 57 സെൻറ് സ്ഥലം വിലക്ക് നൽകുവാൻ മഹാമനസ് കാണിച്ച ഊന്നുകല്ലുങ്കൽ U വർഗ്ഗീസിനേയും, നിരവധി തടസങ്ങൾ നേരിട്ടപ്പോഴും പെരുവ സ്കൂൾ പിടിച്ചു നിർത്തുന്നതിനും, സ്കൂളിനെ ഇന്നത്തെ നിലയിൽ എത്തിക്കുവാൻ വേണ്ടി കഠിനമായി ജോലി ചെയ്ത മുളക്കുളം പഞ്ചായത്ത് മുൻപ്രസിഡന്റ് പന്നിക്കോട്ടിൽ PV പത്രോസ് അടക്കമുള്ള നിരവധി പേരെ സ്കുളിന്റെ ചരിത്ര രേഖയിൽ നിന്നു ഒഴിവാക്കിയാൽ ചരിത്രം പൂർണ്ണമാകില്ല. ഇതിനായി സഹായിച്ചവർ. കാരിക്കോട്,പയ്യപ്പിള്ളി മത്തച്ചൻ ചേട്ടൻ (റേഷൻ കട). വിജയകുമാർ അശ്വതി ഭവൻ കാരിക്കോട്, UP ചാക്കപ്പൻ അർബ്ബൻ ബാങ്ക് പ്രസിഡന്റ് കടുത്തുരുത്തി. ശങ്കരാലിൽ മാണി കുഞ്ഞു(പ്രഥമ പ്രസിഡന്റ് മുളക്കുളം പഞ്ചായത്ത്), KP ജോസഫ് മുൻ പഞ്ചായത്ത് പ്രസിഡന്റ്,നാരായണൻ നായർ കൊടക്കാട്ട് അവർമ എന്നിവരാണ്.ഒരു മാസക്കാലം നീണ്ടു നിന്ന അന്വേഷണമാണ്
ഇവിടെ കുറിച്ചിരിക്കുന്നത്. തിരുത്തലുകൾ ആകാം.
Nb:കടപ്പാട് /writing :TM Sadan Peruva.