05/09/2020
അറിവ് നേടുക എന്നതുപോലെ അത്ര എളുപ്പമല്ല നേടിയ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്നത്. അതിലും പ്രയാസമാണ് അറിവിനായി സമീപിക്കുന്ന സ്വീകർത്താവിനെ തൃപ്തിപ്പെടുത്തുക എന്നത്. ശാസ്ത്രം എന്നത് എക്കാലവും സാമൂഹിക പുരോഗതിയെ സ്വാധീനിക്കുന്ന വിഷയമാണ്. ശാസ്ത്രബോധം ഉള്ള ജനത എന്നത് ആധുനിക സംസ്കാരത്തിന്റെ പ്രതീകമാണ്. വളരെ കുറച്ചുപേർ ശാസ്ത്രം പഠിച്ചുകൊണ്ട് സമൂഹത്തിന്റെ ഒരുകോണിൽ ഇരുന്ന് തങ്ങളുടെ ജോലി നടത്തിപ്പോയാൽ എങ്ങനെ സമൂഹത്തിന് ഒന്നാകെ പുരോഗതി ഉണ്ടാകും? ഒരിക്കലും അതൊരു മാതൃകാ സംസ്കാരമല്ല. ഭാവിയിൽ ഉണ്ടാകുന്ന സാങ്കേതികമേന്മകളിൽ അല്പമെങ്കിലും ഊറ്റം കൊള്ളാനായി സമൂഹത്തിലെ എല്ലാപേരും ശാസ്ത്രബോധമുള്ളവരായി മാറണം. നാം ജീവിക്കുന്നതും അതിനപ്പുറവുമുള്ള കാര്യങ്ങളെ ശാസ്ത്രീയമായ വീക്ഷണത്തോടുകൂടി വിശകലനം ചെയ്യാൻ ഓരോ വ്യക്തിയും ഉയരേണ്ടതുണ്ട്. സമൂഹത്തെ ഒന്നാകെ മാറ്റേണ്ടതായ ഒരു പ്രക്രിയ ആയതുകൊണ്ട് ഒന്നൊന്നായി ചെയ്യുക അപ്രാപ്യമാണ്. അവിടെയാണ് ശാസ്ത്ര പ്രചരണത്തിന്റെ പ്രാധാന്യം ഏറുന്നത്. വിദ്യാഭ്യാസ കാലത്ത് പലരും പേടിയോടെ നോക്കിക്കണ്ടിരുന്ന വിഷയമായിരിക്കും ശാസ്ത്രം. ഒരു പരിധി വരെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മ ആണെന്ന് കൂടി പറയേണ്ടി വരും. ആ "ശാസ്ത്ര പേടി" യിൽനിന്ന് പുറത്തുകടക്കാൻ ഒറ്റ വഴിയേ ഉള്ളൂ. ശാസ്ത്ര പഠനം ആസ്വാദ്യമാക്കുക. രസകരമായി ശാസ്ത്രം അവതരിപ്പിക്കാൻ കഴിവുള്ളവരെ സമൂഹത്തിന് ആവശ്യമാണ്. അവിടെയാണ് ജിതിൻ രാജിന്റെ ഈ നേട്ടത്തിന്റെ പ്രസക്തി. മൂന്ന് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ തന്റെ യൂട്യൂബ് ചാനലിലൂടെ ഇതിനോടകം എണ്ണിയാൽ ഒടുങ്ങാത്ത അത്രയും ശാസ്ത്ര വിഷയങ്ങൾ ചർച്ച ചെയ്ത് പോയിട്ടുണ്ട്. ഇന്ന് ഈ നിമിഷത്തിൽ ഒരു ലക്ഷത്തിലേറെ പേരെ തന്നെ പിന്തുടരുന്നവരാക്കി മാറ്റി. അത് ഒരിക്കലും ഒരു ചെറിയ കാര്യമല്ല. ഡിജിറ്റൽ സ്ക്രീനിൽ തെളിയുന്ന സംഖ്യകൾക്കുമപ്പുറം സാമൂഹികമായ ഒരു ഉന്നമനം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞു എന്നതാണ് ജിതിൻ നേടിയെടുത്ത ഏറ്റവും വലിയ നേട്ടം. സങ്കീർണമായ സിദ്ധാന്തങ്ങൾ പലതും തന്റെ സരസമായ അവതരണത്തിലൂടെ ഏതൊരു സാധാരണക്കാരനും മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. ഓരോ വീഡിയോക്കും താഴെ കാഴ്ചക്കാർ നൽകുന്ന അഭിപ്രായങ്ങൾ വായിച്ചുനോക്കിയാൽ മനസ്സിലാകും ശാസ്ത്രം പഠിക്കാൻ അവസരം ലഭിക്കാത്ത പലരുടെയും നന്ദിപൂർവമുള്ള സ്നേഹപ്രകടനങ്ങൾ. വിനോദത്തിനും നേരംപൊക്കിനും മാത്രം യൂട്യൂബ് ഉപയോഗിച്ചിരുന്ന ഓൺലൈൻ മലയാളി സമൂഹത്തെ ശാസ്ത്രബോധവും യുക്തിബോധവും നേടിയെടുക്കാൻ കൈ പിടിച്ചു നടത്തുകയാണ് ജിതിൻ തന്റെ യൂട്യൂബ് ചാനലിലൂടെ ചെയ്തത്. ഇന്ന് ആ പ്രയത്നത്തിന്റെ ഒരു പ്രോത്സാഹനം എന്നോണം യൂട്യൂബ് ഒരു സിൽവർ പ്ലേ ബട്ടൺ സമ്മാനിച്ചിരിക്കുകയാണ്.
പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾക്കൊപ്പം തന്നെ മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു.
എന്ന്
MGC Physics Family ❤️